ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 127 യാത്രക്കാര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ ജനവാസ മേഖലയിലാണ് ദുരന്തമുണ്ടായത്.
കറാച്ചിയില്നിന്നുവന്ന ഭോജാ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 (ബിഎച്ച്ഒ-213) വിമാനമാണ് ഇസ്ലാമാബാദ് വിമാനത്താവളത്തിന് പുറത്ത് തകര്‍ന്നത്.
പ്രതികൂല കാലാവസ്ഥയാണ് ദുരന്തത്തിന് വഴിതെളിച്ചതെന്ന് പാക്കിസ്ഥാന് ടിവി ചാനലുകള്‍ അവകാശപ്പെട്ടു. ദുരന്തം നടക്കുമ്പോള്‍ വിമാനത്തില്‍ 120 ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആരും രക്ഷപ്പെട്ടതായി സൂചനയില്ല. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്. ദുരന്തത്തെക്കുറിച്ച് പ്രതികരിക്കാന്‍ പാക് സിവില്‍ വ്യോമയാന ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. 40 വര്‍ഷം പഴക്കമുള്ളതാണ് ഈ വിമാനം.
വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് ഒട്ടേറെ വീടുകള്‍ക്ക് നാശം സംഭവിക്കുകയും അഗ്നിബാധ ഉണ്ടാവുകയും ചെയ്തു. വീടുകളിലുണ്ടായിരുന്ന ഒട്ടേറെപ്പേരും കൊല്ലപ്പെട്ടതായി സൂചനയുണ്ട്. 118 പേരുടെ മരണം പാക് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ദുരന്തസ്ഥലത്ത് 100 ഓളം സൈനികരെ വിന്യസിച്ചു.
ഇസ്ലാമാബാദ് ഹൈവേക്ക് മൂന്ന് കിലോമീറ്ററോളം അകലെ ഹുസൈന് അബാദ് ഗ്രാമത്തിലാണ് വിമാനം വീണതെന്ന് പോലീസ് രക്ഷാസംഘത്തിലെ ഉദ്യോഗസ്ഥനായ സെയ്ഫുര്‍ റഹ്മാനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം തകര്‍ന്നുവീണതിന് പിന്നാലെ തീപിടിത്തവും ഉണ്ടായി. വിമാനം പൂര്‍ണമായി നശിച്ചു. കത്തിക്കരിഞ്ഞ വിമാനഭാഗങ്ങള്‍ തെരുവില്‍ ചിതറിക്കിടക്കുന്ന രംഗങ്ങള്‍ ടിവി ചാനലുകള്‍ കാണിച്ചു. 116 യാത്രക്കാരും ആറോളം ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നതായി ഭോജാ എയര്‍ലൈന്‍സ് വക്താവ് ജസേര് ആബ്രൊ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് ഇസ്ലാമാബാദിലെയും തൊട്ടടുത്ത റാവല്‍പിണ്ടി നഗരത്തിലെയും ആശുപത്രികള്‍ക്കെല്ലാം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കാലപ്പഴക്കം മൂലം ഉപേക്ഷിച്ച വിമാനം ഷഹീന് എയര്‍ലൈന്‍സില്‍നിന്ന് ഭോജാ എയര്‍ലൈന്‍സ് വാങ്ങുകയായിരുന്നുവത്രേ. കാര്യക്ഷമമായ വ്യോമ ഗതാഗത സംവിധാനം നിലവിലുള്ള പാക്കിസ്ഥാനില്‍ വിമാനദുരന്തങ്ങള്‍ അപൂര്‍വമാണ്. 2010 ജൂലൈയില്‍ സ്വകാര്യ എയര്‍ലൈനായ എയര്‍ബ്ലൂവിന്റെ എയര്‍ബസ് 321 യാത്രാജെറ്റ് ഇസ്ലാമാബാദിന് സമീപം കുന്നില്‍ ഇടിച്ച് തകര്‍ന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന 152 യാത്രക്കാരും കൊല്ലപ്പെട്ടു. 2006 ല്‍ പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം മുള്‍ട്ടാന്‍ നഗരത്തിന് സമീപം തകര്‍ന്ന് 45 പേരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: