ന്യൂദല്‍ഹി: അയ്യായിരം കിലോമീറ്റര്‍ ദൂരപരിധിയും ഒന്നര ടണ്‍ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതുമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെയില്‍ അഗ്നി-അഞ്ച് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ വീലര്‍ ദ്വീപില്‍നിന്നും ഇന്നലെ രാവിലെ 8.07 നാണ് വിക്ഷേപണം നടന്നത്. ചൈനയിലെ എല്ലാ നഗരങ്ങളെയും ആക്രമണപരിധിയില്‍ കൊണ്ടുവരാന്‍ കഴിയുന്ന ഈ മിസെയില്‍ വിജയകരരമായി പരീക്ഷിക്കാന്‍ കഴിഞ്ഞതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെയില്‍ സ്വന്തമായുളള അഞ്ച് രാജ്യങ്ങളുടെ നിരയില്‍ ഇന്ത്യയും ഇടം നേടി. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവയാണ് ഭൂഖണ്ഡാന്തര മിസെയില്‍ സ്വന്തമായ മറ്റ് രാജ്യങ്ങള്‍.
വീലര്‍ ദ്വീപിലെ വിക്ഷേപണത്തറയെ ഒാറഞ്ച് നിറത്തില്‍ ആറാടിച്ചാണ് 17.4 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള അഗ്നി-അഞ്ച് ആകാശത്തേക്ക് കുതിച്ചുയര്‍ന്നത്. 1.5 ടണ്‍ ആണവായുധം ഉള്‍പ്പെടെ 50 ടണ്‍ ഭാരമാണ് മിസെയിലിനുള്ളത്. 600 കിലോമീറ്റര്‍ മേലോട്ട് കുതിച്ചുയര്‍ന്ന ശേഷമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് മിസെയില്‍ പാഞ്ഞതെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
ചൊവ്വാഴ്ച നടത്താനിരുന്ന മിസെയിലിന്റെ വിക്ഷേപണം പ്രതികൂല കാലാവസ്ഥ കാരണം ഇന്നലത്തേക്ക് മറ്റീവ്ക്കുകയായിരുന്നു. ഇതാദ്യമായാണ് ചൈനയെ ആക്രമണപരിധയില് കൊണ്ടുവരാനാവുന്ന ഈ മിസെയില്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. ഇതുവഴി വന്‍ പ്രതിരോധ ശക്തിയാണ് ഇന്ത്യ കൈവരിച്ചിട്ടുള്ളത്.
അഗ്നി-അഞ്ച് നാം വിജയകരമായി വിക്ഷേപിച്ചിരിക്കുന്നു എന്നാണ് പരീക്ഷണത്തെക്കുറിച്ച് ഡിആര്‍ഡിഒ മേധാവി വി.കെ. സാരസ്വത് അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, പ്രതിരോധമന്ത്രി എ.കെ. ആന്റണി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എന്നിവര്‍ പ്രതിരോധശാസ്ത്രജ്ഞരെയും അവര്‍ കൈവരിച്ച നേട്ടത്തെയും അഭിനന്ദിച്ചു.
കൃത്യമായ വിക്ഷേപണമാണ് നടന്നതെന്നും ലക്ഷ്യം ഭേദിക്കാനും ദൗത്യം നിറവേറ്റാനും കഴിഞ്ഞതായി വിക്ഷേപണകേന്ദ്ര ഡയറക്ടര്‍ എസ്.പി. ദാസ് പറഞ്ഞു. ഒരു ഭൂഖണ്ഡത്തില്‍നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാനാവുന്നതിനാല് അഗ്നി-അഞ്ചിനെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെയില്‍ (ഐസിബിഎം) എന്ന് വിളിക്കാമെന്ന് ദാസ് കൂട്ടിച്ചേര്‍ത്തു.
ലക്ഷ്യസ്ഥാനത്തേക്കുള്ള മിസെയിലിന്റെ സഞ്ചാരഗതി നിരീക്ഷിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൂന്ന് കപ്പലുകള്‍ വിന്യസിച്ചിരുന്നതായി ഡിആര്‍ഡിഒ പ്രസ്താവനയില്‍ വ്യക്തമാക്കി. മിസെയില്‍ അതിന്റെ ലക്ഷ്യം ഭേദിക്കുന്നതിനും ഒരു കപ്പല്‍ സാക്ഷിയായി. മിസെയിലിന്റെ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് ഡിആര്‍ഡിഒ രണ്ടിലേറെ പരീക്ഷണങ്ങള്‍ കൂടി നടത്തുമെന്ന് സാരസ്വത് പറഞ്ഞു.
അഗ്നി-നാലിന്റെ 2011 നവംബര്‍ 15 ന് നടന്ന പരീക്ഷണം വിജയകരമായതിന് ശേഷമാണ് അഗ്നി-അഞ്ച് വിക്ഷേപിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. 350 കിലോമീറ്ററായിരുന്നു അഗ്നി-നാലിന്റെ ദൂരപരിധി. 800 ശാസ്ത്രജ്ഞരും മറ്റ് ജീവനക്കാരും സഹായികളുമാണ് അഗ്നി-അഞ്ചിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
അഗ്നി-5 ന്റെ വിജയകരമായ വിക്ഷേപണത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ഡിആര്‍ഡിഒ പ്രവര്‍ത്തകരുമായി സന്തോഷം പങ്കുവെച്ചു. അഗ്നി-5 ന്റെ വിശ്വാസ്യതയിലും സുരക്ഷയിലും സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം രാജ്യത്തിന്റെ അഭിവാഞ്ചയില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടതായും അറിയിച്ചു.
മിസെയിലിന്റെ വിക്ഷേപണം പൂര്‍ത്തിയായ ഉടനെതന്നെ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെയും പ്രവര്‍ത്തകരെയും അഭിനന്ദിച്ച പ്രധാനമന്ത്രി ഡിആര്‍ഡിഒ മേധാവി വി.കെ. സാരസ്വതിനെ ഫോണില്‍ വിളിച്ച് സന്തോഷം പങ്കുവെച്ചു.
രാജ്യസുരക്ഷക്കും പ്രതിരോധശക്തിക്കും വേണ്ടി അവിശ്രമം പരിശ്രമിച്ച എല്ലാ ഡിആര്‍ഡിഒ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി ശാസ്ത്രസമൂഹത്തെ ഈ അവസരത്തില്‍ രാഷ്ട്രം നമിക്കുന്നതായും വ്യക്തമാക്കി.
എലൈറ്റ് രാഷ്ട്രങ്ങളുടെ ക്ലബിലേക്ക് ഇന്ത്യയെ ഉയര്‍ത്തിയ അഗ്നി-5 ന്റെ വിക്ഷേപണ വിജയത്തില്‍ ബിജെപിയും സന്തോഷം രേഖപ്പെടുത്തി. രാജ്യത്തെ ഒരു ‘മിസെയില്‍ ശക്തി’യാക്കി മാറ്റിയ എല്ലാ ഡിആര്‍ഡിഒ പ്രവര്‍ത്തകര്‍ക്കും ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: