കൊച്ചി: എന്‍ഐഎ അന്വേഷിക്കുന്ന തീവ്രവാദി തടിയന്റവിട ഷമീം രാജ്യംവിട്ട ദിവസങ്ങളില്‍ മറ്റ് വിമാനത്താവളങ്ങളില്‍നിന്നും കൂടുതല്‍ തീവ്രവാദികള്‍ രാജ്യം വിട്ടതായി സംശയം. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന സുരക്ഷാ സെര്‍വറുകളില്‍ നുഴഞ്ഞുകയറി ഡാറ്റ നീക്കം ചെയ്താണ് തടിയന്റവിട ഷമീം രാജ്യംവിട്ടത്. കഴിഞ്ഞ ഡിസംബര്‍ 23നാണ് ഷമീം നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഷാര്‍ജയിലേക്ക് കടന്നത്. ഡിസംബര്‍ 20നാണ് ഡാറ്റ സെര്‍വറില്‍നിന്നും അപ്രത്യക്ഷമായത്. ഇത് കണ്ടെത്താനായത് 26നാണ്. അതും ഷമീം രാജ്യം വിട്ടതിനുശേഷം. ആറ് ദിവസത്തോളം എമിഗ്രേഷന്‍ വിഭാഗത്തിനും രഹസ്യാന്വേഷണ വിഭാഗത്തിനും ഇത് കണ്ടെത്തുവാന്‍ കഴിയാതിരുന്നത് അത്ഭുതപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ മറ്റ് വിമാനത്താവളങ്ങളില്‍നിന്നും ആരെല്ലാം പോയിട്ടുണ്ടെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.
ഇതിനിടെ, സെര്‍വറുകള്‍ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ച് വരികയാണ്. സെന്ററിന്റെ പ്രവര്‍ത്തനങ്ങളും വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ അന്വേഷണസംഘം സെന്റര്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും.
കേരളത്തിലെ ചില കേന്ദ്രങ്ങളില്‍ പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്. മുന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍, ചില ട്രാവല്‍ ഏജന്റുമാര്‍ എന്നിവരും അന്വേഷണപരിധിയില്‍ വരും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കേരള ഇന്റലിജന്‍സിന്റെയും എമിഗ്രേഷന്‍ വിഭാഗത്തിന്റെയും വീഴ്ചയും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതേസമയം സെര്‍വറില്‍ നിന്നുമുള്ള രേഖകള്‍ എവിടെനിന്ന് വേണമെങ്കിലും ഒഴിവാക്കാമെന്നുള്ള സൂചനയും ലഭ്യമായിട്ടുണ്ട്. ദല്‍ഹിയിലെ ആര്‍എല്‍ പുരത്തെ കേന്ദ്രത്തില്‍നിന്നുള്ള സഹായവും സൈബര്‍ വിദഗ്ധരും ചേര്‍ന്നാല്‍ ഇവ നീക്കം ചെയ്യാവുന്നതാണത്രെ. എന്നാല്‍ ഇവ എവിടെനിന്നാണ് നീക്കം ചെയ്തതെന്ന് കണ്ടെത്താമെന്നാണ് കൊച്ചിയിലെ വിദഗ്ധര്‍ പറയുന്നത്. ഇക്കാര്യത്തിലുള്ള അന്വേഷണ പുരോഗതി വ്യക്തമല്ല.
തടിയന്റവിട ഷമീമിന്റെ രാജ്യംവിടല്‍ വാര്‍ത്തയായതോടെ അന്വേഷണം വിവിധ ഏജന്‍സികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ ഷമീം തന്നെയാണോ രാജ്യം വിട്ടത് അതോ ആ പേരില്‍ മറ്റാരെങ്കിലുമാണോയെന്ന് പരിശോധിക്കുന്നുണ്ട്.
അതേസമയം കേരളം തീവ്രവാദികളുടെ സുരക്ഷിതതാവളമായി മാറുകയാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി യഥേഷ്ടം തീവ്രവാദികള്‍ക്ക് യാത്ര ചെയ്യാവുന്ന അവസ്ഥയാണിപ്പോള്‍. എമിഗ്രേഷന്‍ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ‘ചവിട്ടിക്കേറ്റം’ എന്ന ഓമനപ്പേരില്‍ വിദേശത്തേക്ക് ആളുകളെ കയറ്റി അയക്കല്‍ വ്യാപകമാണ്. വ്യാജ പാസ്പോര്‍ട്ടിലും മറ്റും ആരൊക്കെയാണ് വിദേശത്തേക്ക് കടന്നിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല.
പിടിയിലാകുന്ന കേസുകളിലാകട്ടെ വിശദമായ അന്വേഷണവുമില്ല. വിവിധ സുരക്ഷാ ഏജന്‍സികളുടെ ഏകോപനമില്ലായ്മയും വലിയ പ്രശ്നം തന്നെയാണ്.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: