ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകള്‍ സുപ്രീംകോടതി ശരിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് ആറ് ശതമാനം വോട്ടും രണ്ട് സീറ്റുകളിലെ വിജയവുമാണ് സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരത്തിനുള്ള തെര. കമ്മീഷന് മാനദണ്ഡം. മൂന്നംഗ ബെഞ്ചില്‍ ഒരാളുടെ വിയോജിപ്പോടെയാണ് സുപ്രീംകോടതി ഇത് ശരിവെച്ചത്.
കമ്മീഷന്റെ വ്യവസ്ഥകള്‍ ന്യായീകരിക്കത്തക്കതല്ലെന്ന വാദം ശരിയല്ലെന്ന് വിവിധ സംസ്ഥാനങ്ങളിലായി അംഗീകാരം കിട്ടാത്ത ഒട്ടേറെ രാഷ്ട്രീയ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ അംഗീകാരം കിട്ടാന്‍ ആ കക്ഷി ബന്ധപ്പെട്ട സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് വിശ്വാസ്യത തെളിയിക്കുകയും അര്‍ഹിക്കുന്ന ഗൗരവം പ്രകടിപ്പിക്കുകയും വേണമെന്ന് ജസ്റ്റിസുമാരായ അല്‍തമാസ് കബീര്‍, എസ്.എസ്.നിജ്ജാര്‍, ജസ്തി ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഒരിക്കല്‍ ഇത് നേടിക്കഴിഞ്ഞാല്‍ പൊതുചിഹ്നം ഉള്‍പ്പെടെ അംഗീകാരത്തിന്റെ എല്ലാ ആനുകൂല്യങ്ങള്‍ക്കും അവര്‍ അര്‍ഹരായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭൂരിപക്ഷം ഭരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന കാര്യം മനസ്സിലാക്കുന്നതില്‍ ഈ കോടതി പരാജയപ്പെട്ടതായി ജസ്റ്റിസ് ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യമെന്നാല്‍ വെറും സംഖ്യകള്‍ മാത്രമെങ്കില്‍ ഹിറ്റ്ലര്‍ മഹാനായ ജനാധിപത്യ വാദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രജാരാജ്യം പാര്‍ട്ടി, ബഹുജന്‍ വികാസ് അഗാധി, ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം തുടങ്ങി ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: