തൃശൂര്‍: ബിജെപി സംസ്ഥാന സമ്പൂര്‍ണ സമ്മേളനം തൃശൂരില്‍ മെയ് 10 മുതല്‍ 13വരെ നടക്കും. സമ്പൂര്‍ണ്ണ സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ ഒരുക്കങ്ങള്‍ തുടങ്ങി. മെയ് 10മുതല്‍ 13 വരെ വടക്കുന്നാഥക്ഷേത്രമൈതാനിയിലാണ് സമ്മേളനം നടക്കുകയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്, വക്താവ് ജോര്‍ജ്ജ് കുര്യന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 12ന് ഒരു ലക്ഷംപേരുടെ പ്രകടനം നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ലോക്സഭ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്യും. 13ന് 15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ബിജെപി അഖിലേന്ത്യ പ്രസിഡണ്ട് നിധിന് ഗഡ്കരി ഉദ്ഘാടനം ചെയ്യും.
ഒമ്പതിന് വൈകീട്ട് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. 10ന് സംസ്ഥാന ഭാരവാഹികളുടെ യോഗവും 11ന് സംസ്ഥാന സമിതിയും ചേരും. സമ്മേളനത്തില്‍ ഉയര്‍ത്തുവാനുള്ള പതാക 9ന് വൈകീട്ട് തൃശൂരില്‍ എത്തിച്ചേരും. ബിജെപി നേതാവായിരുന്ന കെ.ജി.മാരാരുടെ പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ നിന്നാണ് പതാകജാഥ ആരംഭിക്കുക. കൊടിമരജാഥ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന നിലമ്പൂരിലെ ടി.എന്‍. ഭരതന് സ്മൃതികുടീരത്തില്‍ നിന്നും ആരംഭിക്കും.
സമ്പൂര്‍ണ സമ്മേളനത്തില്‍ പാര്‍ട്ടി അഖിലേന്ത്യാ നേതാക്കളായ അരുണ്‍ ജെറ്റ്ലി, അനന്തകുമാര്‍, പി.മുരളീധരറാവു, രാംലാല്‍, ബിജെപി മുഖ്യമന്ത്രിമാരായ സദാനന്ദ ഗൗഡ, മനോഹര്‍ പരീക്കര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ബി.ജെ.പി യുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നയരേഖ പുറത്തിറക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നയരേഖ രൂപീകരണത്തിന്റെ ചുമതല സംസ്ഥാന വക്താവ് ജോര്ജ്ജ്കുര്യനും എംടി രമേശിനുമാണ്. സമ്മേളനത്തോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ കേരളത്തിന്റെ വികസന വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ.ബി.ഗോപാലകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി എ.നാഗേഷ് എന്നിവരും പങ്കെടുത്തു.
സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സാഹിത്യകാരന് സി.കെ.രാമചന്ദ്രന് ഇന്നലെ ഉദ്ഘാടനം ചെയ്തു. ശങ്കരയ്യര്‍ റോഡ് ജംഗ്ഷനിലുള്ള മോഡേണ്‍ സില്‍ക്സ് കെട്ടിടത്തിലാണ് സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തിക്കുക. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് കെ.വി.ശ്രീധരന് മാസ്റ്റര്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭ സുരേന്ദ്രന്, പരിശീലന വിഭാഗം സംസ്ഥാന കണ്‍വീനര്‍ അഡ്വ. രവികുമാര്‍ ഉപ്പത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ.നാഗേഷ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജുമോന്‍ വട്ടേക്കാട്, സംസ്ഥാനസമിതി അംഗം പി.എസ്.ശ്രീരാമന്, മേഖല ജനറല്‍ സെക്രട്ടറി കെ.കെ.സുരേന്ദ്രന്, ജില്ലാ ട്രഷറര്‍ ഇ.വി.കൃഷ്ണന് നമ്പൂതിരി, എം.ജി.പുഷ്പാംഗദന്, എ.ഉണ്ണികൃഷ്ണന്, പി.എം.ഗോപിനാഥ്, അഡ്വ. കൃഷ്ണദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: