തിരുവനന്തപുരം: പെന്ഷന് പ്രായവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉപരോധസമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ആറുപേര്‍ ആശുപത്രിയില്‍. പരിക്കേറ്റ മുപ്പതോളം പേരെ എ.ആര് ക്യാമ്പിലെ കസ്റ്റഡിയില്‍ വച്ച് പോലീസ് വീണ്ടും ക്രൂരമായി മര്‍ദിച്ചു. അനധികൃതമായി കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്ന പരിക്കേറ്റ പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. രാത്രി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് ജയിലിനുള്ളില്‍ ഇന്നലെ വൈകിട്ടു മുതല്‍ നിരാഹാരം ആരംഭിച്ചു. കൂടാതെ മര്‍ദനത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ഇന്ന് സംസ്ഥാനമൊട്ടാകെ പ്രതിഷേധ ദിനം ആചരിക്കും.
പെന്ഷന് പ്രായം വര്‍ധിപ്പിച്ചതിനെതിരെ നടത്തിയ മാര്‍ച്ചാണ് പോലീസ് അതിക്രമത്തിനിരയായത്. സമാധാനപരമായി സമരം ചെയ്തിരുന്ന അയ്യായിരത്തോളം പ്രവര്‍ത്തകരെയാണ് പോലീസ് ഓടിച്ചിട്ടു തല്ലിയത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് സംസാരിച്ചു കൊണ്ടിരിക്കെ പോലീസ് ഒരറ്റത്തു നിന്നു ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. സെക്രട്ടേറിയറ്റിന്റെ വടക്കേ കവാടം മുതല്‍ മാധവരായര്‍ പ്രതിമ വരെയുള്ള റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുക്കുകയായിരുന്നു. പ്രകോപനം കൂടാതെ പോലീസ് ക്രൂരമര്‍ദനം അഴിച്ചു വിട്ടപ്പോള്‍ ചിതറി ഓടിയവരെ തിരഞ്ഞു പിടിച്ച് പോലീസ് മര്‍ദിച്ചു. ആസൂത്രിതമായി റോഡിന്റെ പലഭാഗത്തായി പോലീസിനെ നേരത്തെ തന്നെ വിന്യസിച്ചിരുന്നു. ഈ സംഘങ്ങള്‍ വളഞ്ഞിട്ട് പ്രവര്‍ത്തകരെ മര്‍ദിച്ചു. ഏജീസ് ഓഫീസ് ഭാഗത്തേക്ക് ഓടിയ പ്രവര്‍ത്തകരെ പുറകെ ഓടി പോലീസ് മര്‍ദിച്ചു. മര്‍ദനത്തില്‍ നിന്നും രക്ഷപ്പെടാനായി നാനാഭാഗത്തേക്കും ഓടിയ പ്രവര്‍ത്തകരില്‍ പലരും അടുത്തുള്ള കടകളിലേക്കും ഹോട്ടലുകളിലേക്കും ഓടിക്കയറി. എന്നാല്‍ ഇവിടങ്ങളില്‍ കടന്നു കയറിയ പോലീസ് അതിനകത്തിട്ട് പ്രവര്‍ത്തകരെ മര്‍ദിച്ച ശേഷം അറസ്റ്റു ചെയ്ത് വണ്ടിയില്‍ കയറ്റി.
ജലപീരങ്കി ഉപയോഗിച്ച് വെള്ളം ചീറ്റുകയും ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പൊട്ടിക്കുകയും ചെയ്ത ശേഷമായിരുന്നു പോലീസ് ക്രൂരമര്‍ദനം അഴിച്ചു വിട്ടത്. ജലപീരങ്കിയില്‍ നിന്നുള്ള വെള്ളം ചീറ്റല്‍ നിമിത്തം റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞു വീണു. വഴിയാത്രക്കാരെയും വെറുതെ വിട്ടില്ല. ഹോട്ടലില്‍ നിന്നും ഊണു കഴിച്ചിറങ്ങിയ യുവാവിനെ മാരകമായി തല്ലി ബലമായി ജീപ്പ്പില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയി. താന്‍ സമരത്തിനു വന്നതല്ലെന്ന് ഈ യുവാവ് കരഞ്ഞു പറഞ്ഞിട്ടും പോലീസ് വഴങ്ങിയില്ല.
പോലീസ് മര്‍ദനത്തില്‍ മാരകമായി പരിക്കേറ്റ ആറ് സംസ്ഥാന ഭാരവാഹികളെ ആശുപത്രിയിലാക്കിയെങ്കിലും പിന്നീട് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, വൈസ്പ്രസിഡന്റ് ആര്.എസ്.രാജീവ്, സെക്രട്ടറിമാരായ ഹരി, കെ.ബിനുമോന്, ജില്ലാ സെക്രട്ടറി സമ്പത്ത് എന്നിവരെയാണ് ആശുപത്രിയില്‍ നിന്നും ബലമായി കസ്റ്റഡിയിലെടുത്തത്. കൂടാതെ പരിക്കേറ്റ മുപ്പതോളം പേരെ നേരെ എ.ആര് ക്യാമ്പിലേക്കും കൊണ്ടു പോയി. ഇവര്‍ക്ക് ചികിത്സ നിഷേധിച്ച പോലീസ് ക്യാമ്പിലിട്ടും ക്രൂരമായി മര്‍ദിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ താണ്ഡവമാടിയ പോലീസ് ഇരുന്നൂറോളം പ്രവര്‍ത്തകരെയാണ് അറസ്റ്റു ചെയ്ത് അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നത്. ഡിസിപി പുട്ട വിമലാദിത്യ, കന്റോണ്‍മെന്റ് എ.സി ഹരിദാസ്, ശംഖുമുഖം എ.സി വിമല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. സംഘര്‍ഷത്തിനിടെ ജീവന് ടിവി ക്യാമറാമാന് രാമചന്ദ്രന് (മനോജ്), എ.ആര് ക്യാമ്പിലെ എ.എസ്.ഐ ജോണ്‍ റോസ് എന്നിവര്‍ക്കും പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: