തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ബിഡ് നെഗോസിയേഷന് കമ്മിറ്റി രൂപീകരിച്ചു. തുറമുഖ സെക്രട്ടറി, ഫിനാന്‍സ് എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി, ലാ സെക്രട്ടറി, വിഴിഞ്ഞം തുറമുഖ മാനേജിംഗ് ഡയറക്ടര്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കമ്മിറ്റി രൂപീകരിച്ചത്. പുതിയ ചീഫ് സെക്രട്ടറിയായി കെ.ജയകുമാര്‍ ഐ.എ.എസിനെ നിയമിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരന് ഈ മാസം 31ന് വിരമിക്കുന്നതിനാലാണിത്. ഇതുള്‍പ്പെടെ ഏതാനും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം വരുമെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
1978 ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായ ജയകുമാര്‍ നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടിയാണ്. മത്സ്യത്തൊഴിലാളികളുടെ കടത്തിന്മേലുള്ള മോറട്ടോറിയം മാര്‍ച്ച് 31ല്‍ നിന്നും ഡിസംബര്‍ 31 വരെ നീട്ടി. പാക് കടലിടുക്ക് നീന്തിക്കടന്ന എസ്.പി.മുരളീധരന് അഞ്ചു ലക്ഷം രൂപ നല്‍കും. അര്‍ബന്‍ ഡെവലപ്മെന്റ് പ്രോജക്ട് കാലാവധി മൂന്നു വര്‍ഷമായി ഉയര്‍ത്തും. 1422.5 കോടിയുടെ പദ്ധതിയാണിത്.
2004 മുതല്‍ 2009 വരെയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശ സംസ്ഥാനം ബാങ്കുകള്‍ക്ക് സബ്സിഡിയായി നല്‍കും. വിദ്യാഭ്യാസ വായ്പയ്ക്കുമേല്‍ നടപടി സ്വീകരിക്കുന്നതിന് ആറു മാസത്തെ സാവകാശം നല്കാന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: