ഭുവനേശ്വര്‍: ഒഡീഷയില്‍ ഭരണകക്ഷിയായ ബിജെഡിയുടെ എംഎല്‍എയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ഇതോടെ പത്ത് ദിവസം മുമ്പ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇറ്റാലിയന്‍ ടൂറിസ്റ്റുകളുടെ മോചനത്തിനായുള്ള ചര്‍ച്ചകളും വഴിമുട്ടി.
അമ്പതോളം വരുന്ന സായുധ നക്സലുകളാണ് ടോയാപുട്ടിന് സമീപം റോഡില്‍ കിടങ്ങുണ്ടാക്കിയും ട്രക്ക് കുറുകെയിട്ടും വാഹനം തടഞ്ഞ് ലക്ഷ്മീപുര് എംഎല്‍എ ഝിനാ ഹികാകയെ തട്ടിയെടുത്തത്. മൊബെയില്‍ ഫോണുകള്‍ പിടിച്ചെടുത്തശേഷം എംഎല്‍എയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറെയും ഡ്രൈവറെയും തീവ്രവാദികള്‍ മോചിപ്പിച്ചു. ഹികാകയെ തോക്കിന് മുനയില്‍ തൊട്ടടുത്ത വനത്തിലേക്ക് കൊണ്ടുപോയതായി കോരാപുട്ട് പോലീസ് സൂപ്രണ്ട് അവിനാശ് കുമാര്‍ പറഞ്ഞു. സുരക്ഷാ സേനകള്‍ നടത്തുന്ന നക്സല്‍ വേട്ട അവസാനിപ്പിക്കുന്നതുവരെ എംഎല്‍എ ബന്ദിയായിരിക്കുമെന്ന് പിന്നീട് പോസ്റ്ററുകള്‍ വഴി മാവോയിസ്റ്റുകള്‍ അറിയിച്ചു.
രണ്ട് ഇറ്റലിക്കാര്‍ക്ക് പിന്നാലെ എംഎല്‍എയെക്കൂടി മാവോയിസ്റ്റുകള്‍ തട്ടിയെടുത്തതിനെത്തുടര്ന്നുള്ള സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ അറിയിച്ചു. എംഎല്‍എയും മാവോയിസ്റ്റുകളുടെ തടങ്കലിലായ സാഹചര്യത്തില്‍ ഇറ്റലിക്കാരുടെ മോചനത്തിനായി നടത്തിവന്നിരുന്ന ഒത്തുതീര്‍പ്പ് സംഭാഷണങ്ങള്‍ നിലച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസും ബിജെപിയും കുറ്റപ്പെടുത്തി. എംഎല്‍എമാര്‍ക്കുപോലും രക്ഷയില്ലാത്ത സംസ്ഥാനത്ത് സാധാരണ ജനം എങ്ങനെ സുരക്ഷിതരായിരിക്കുമെന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ജയ്നാരായണ്‍ മിശ്ര ചോദിച്ചു.
ബിജെഡി സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി കൈകോര്ത്തിരിക്കയാണെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ആരോപിച്ചു. മാവോയിസ്റ്റ് ബന്ധമുള്ള പഞ്ചായത്ത് പ്രതിനിധികള്‍ കോരാപുട്ടില്‍ അടുത്തയിടെ നടന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ ബിജെഡി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചതില്‍നിന്ന് ഇത് വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഡീഷയില്‍ കടുത്ത അരാജകത്വവും നിയമരാഹിത്യവും നടമാടുന്നതായി കോണ്‍ഗ്രസ് ചീഫ് വിപ്പ് പ്രസാദ് ഹരിചന്ദനും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: