കണ്ണൂര്‍: സംസ്ഥാന പോലീസ് ഇപ്പോഴും സി.പി.എം നിയന്ത്രണത്തിലാണെന്നും കെ.സുധാകരന് എം.പി. സി.പി.എമ്മിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട സുധാകരന് ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത സി.പി.എമ്മിന് നഷ്ടമായിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.
പോലീസില്‍ ഇടതു ഭരണത്തിന്റെ അവശിഷ്ട രാഷ്ട്രീയ നിയന്ത്രണം തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്തു പോലീസ് തലപ്പത്ത് ഇടത് അനുകൂലികള്‍ മാത്രമായിരുന്നു. ഭരണമാറ്റം കൊണ്ട് ഇതു മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സുധാകരന് പറഞ്ഞു. കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങള്‍ പോലീസ് ഇന്റലിജന്‍സിന്റെ പരാജയം തന്നെയാണ്. ഡി.ജി.പി പോലും ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്.
ഭരണം മാറുമ്പോള്‍ കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ സര്‍ക്കാരിനു കിട്ടാന്‍ സാധാരണയായി സ്പെഷ്യല്‍ ബ്രാഞ്ച് പുന:സംഘടിപ്പിക്കാറുണ്ട്. കണ്ണൂരില്‍ രഹസ്യാന്വേഷണ വിഭാഗം പുന:സംഘടിപ്പിച്ചിട്ടില്ല. ഇതാണ് കൊലപാതക സംഭവം ഉണ്ടാവാന്‍ കാരണം. കണ്ണപുരം പോലീസും സി.പി.എമ്മും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണു കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനിടയാക്കിയത്.
കൊലപ്പെട്ട ലീഗ് പ്രവര്ത്തകന് അക്രമി സംഘത്തിലുണ്ടായിരുന്നു എന്ന് ആവര്‍ത്തിച്ചു പറയുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ കൊലക്കേസില്‍ പ്രതിയാക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: