തിരുവനന്തപുരം: ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡി.ജി.പി ജേക്കബ് പുന്നൂസുമായി കൂടിക്കാഴ്ച നടത്തി. നാവികര്‍ക്ക് ജയിലില്‍ കൂടുതല്‍ സൗകര്യം നല്‍കണമെന്നും വെടിവയ്പിനെക്കുറിച്ച് സംയുക്ത അന്വേഷണത്തിന് അവസരം നല്‍കണമെന്നും ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടു.
നാളെ ഇറ്റാലിയന്‍ നാവികരുടെ പോലീസ് കസ്റ്റഡി തീരുന്ന സാഹചര്യത്തില്‍ ജയിലിലേക്ക് നാവികരെ മാറ്റിയേക്കും. ഈ സാഹചര്യത്തിലാണ് ജയിലില്‍ കൂടുതല്‍ സൗകര്യം നല്‍കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ കേരള പോലീസിന് ഒന്നും ചെയ്യാനാവില്ലെന്നും ഹൈക്കോടതിയാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും ഡി.ജി.പി ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ജനറലിനെ അറിയിച്ചു.
സംയുക്ത അന്വേഷണം നടത്താന്‍ അവസരം നല്‍കണമെന്നും ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. കേരള പോലീസിന്റെ അധികാര പരിധിക്ക് പുറത്താണ് ഇത്തരം തീരുമാനങ്ങളെന്ന് ഡി.ജി.പി വ്യക്തമാക്കി. ഹൈക്കോടതിയേയും കേന്ദ്ര സര്‍ക്കാരിനേയുമാണ് ഈ ആവശ്യങ്ങള്‍ അറിയിക്കേണ്ടതെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
നിഷ്പക്ഷമായാണ് പോലീസ് അന്വേഷണം നടക്കുന്നതെന്നും ഇതിന്റെ സുതാര്യത നിരീക്ഷിക്കുന്നതില്‍ ഒരു വിരോധവുമില്ലെന്നും ഡി.ജി.പി സൂചിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവയ്പുണ്ടായത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്ത് വച്ചാണെന്നും ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ പരിധിയില്‍ വരുന്നതല്ലെന്നും ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ജനറല്‍ വാദിച്ചു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഹൈക്കോടതിയേയാണ് ബോധിപ്പിക്കേണ്ടതെന്ന് ഡി.ജി.പി ഇറ്റാലിയന്‍ സംഘത്തെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: