കാസര്‍കോട്: ചെങ്ങറ പുനരധിവാസ പാക്കേജിണ്റ്റെ ഭാഗമായി കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ സ്ഥലം ലഭിച്ചവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി കളക്ടറോട് ആവശ്യപ്പെട്ടു. ഇവിടെ സ്ഥലം ലഭിച്ചവര്‍ മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ പ്രശ്നങ്ങള്‍ വിശദീകരിച്ചു. ചെങ്ങറ പാക്കേജിണ്റ്റെ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ജീവിതം ദുസ്സഹമാണെന്നുമായിരുന്നു പരാതി. പുനരധിവാസത്തിനായി കണ്ടെത്തിയ കെ.ആര്.നാരായണന് കോ-ഓപ്പറേറ്റീവ് വില്ലേജിലേക്ക് മാറാന്‍ വിസമ്മതിക്കുന്നവരാണ് കയ്യൂര്‍-ചീമേനിയില്‍ തുടരുന്നത്. പാക്കേജിണ്റ്റെ ആനുകൂല്യങ്ങള്‍ കയ്യൂര്‍-ചീമേനിയില്‍ താമസിക്കുന്നവര്‍ക്കും ലഭ്യമാക്കണമെന്നതാണ് ഇവരുടെ ആവശ്യം. ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കെ.ആര്.നാരായണന് വില്ലേജില്‍ തന്നെ താമസിക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്ന് കളക്ടര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് പ്രശ്ന പരിഹാര നിര്‍ദ്ദേശങ്ങളുള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചത്. റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പരാതി നല്‍കിയവര്‍ക്ക് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: