കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച ആശങ്കകളും സംശയങ്ങളും ദൂരീകരിക്കണമെന്നും നിര്‍വഹണത്തില്‍ ഇ. ശ്രീധരന്റെ നേതൃപങ്കാളിത്തം ഉറപ്പാക്കണമെന്നും ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ.യാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ജോസ് കെ. മാണി എം.പി.യുടെ പ്രതിനിധി ടോമി കെ. ജോസ് പിന്താങ്ങി.
ജില്ലാ കളക്ടര്‍ പി.ഐ. ഷേയ്ക് പരിതിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നടപ്പു സാമ്പത്തിക വര്‍ഷത്തെ വകുപ്പു തല പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്തു. കോതമംഗലം ബൈപാസ്, മിനി സിവില്‍ സ്റ്റേഷന് എന്നിവയുടെ നിര്‍മ്മാണത്തിനുളള കാലതാമസം ഒഴിവാക്കണമെന്ന് ടി.യു. കുരുവിള എം.എല്‍.എ. ആവശ്യപ്പെട്ടു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലമെടുപ്പിനു പ്രത്യേക എല്‍.എ. യൂണിറ്റ് അനിവാര്യമാണെന്നു മന്ത്രി വി.കെ. ഇബ്രഹിം കുഞ്ഞിന്റെ പ്രതിനിധി ഐ.എം. അബ്ദുള്‍ റഹ്മാന് പറഞ്ഞു. കളമശ്ശേരി എച്ച്.എം.ടി. ജംഗ്ഷനില്‍ ലോഫ്ലോര്‍ ബസ് പലപ്പോഴും കടന്നു വരുന്നില്ല. വ്യവസായ പാര്‍ക്കിലെ വാട്ടര്‍ ടാങ്ക് ജല അതോറിറ്റി പ്രയോജനപ്പെടുത്തുന്ന കാര്യം പരിശോധിക്കണം. കടമ്പ്രയാറിന്റെ ശാഖകള്‍ കേന്ദ്രീകരിച്ച് പ്രത്യേകിച്ച് മുണ്ടംപാടത്ത് വലിയ തോതില്‍ ഭൂമി കൈയേറ്റം നടത്തി നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍ പ്രദേശങ്ങളില്‍ കുടിവെളള വിതരണം സുഗമമാക്കാനുളള നടപടികള്‍ വേണമെന്ന് ടോമി കെ. ജോസ് ആവശ്യപ്പെട്ടു. പിറവം, കൂത്താട്ടുകുളം മേഖലകളില്‍ ഡ്രാക്കുള ഈച്ചയുടെ ശല്യം രൂക്ഷമാണെന്നും ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ ഈച്ചയുടെ ജൈവ സ്വഭാവം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും അതനുസരിച്ച് കരുതല്‍ നടപടികള്‍ കൈക്കൊളളുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. സുധാകരന് പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ക്കായി ജില്ലാതലത്തില്‍ യോഗം ചേരണമെന്ന് സാജുപോള്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. ശുചിത്വ കേരളം പദ്ധതി സംബന്ധിച്ച് കൂടുതല്‍ ബോധവല്കരണ പരിപാടികളും ആവശ്യമാണ്. സുരക്ഷാ സംബന്ധമായി കൈക്കൊണ്ട നടപടികള്‍ ജില്ലാ കളക്ടര്‍ വിവരിച്ചു. കൂവപ്പടി, ഒക്കല്‍, അശമന്നൂര്‍ കുടിവെളള പദ്ധതികള്‍ അടിയന്തരമായി കമ്മീഷന് ചെയ്യണം. പെരിയാര്‍ വാലി റോഡു പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. പൊതുമരാമത്ത് റോഡുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും സ്ഥാപിച്ചിട്ടുളള അനധികൃത ബോര്‍ഡുകളും ഫ്ലക്സുകളും നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
എം.സി. റോഡില്‍ അങ്കമാലി-കാലടി-പെരുമ്പാവൂര്‍ ഭാഗത്ത് ഗതാഗതം വളരെ ദുഷ്കരമാണെന്നും കാലടി ശ്രീശങ്കര പാലത്തിനു സമാന്തര പാലം നിര്‍മിക്കുകയാണ് ഇതിനു പോംവഴിയെന്നും സാജുപോളും ജോസ് തെറ്റയിലും ചൂണ്ടിക്കാട്ടി. കാലടി ടൗണില്‍ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ അടിയന്തര നടപടി ആവശ്യമാണ്. തിരക്കുളള സമയങ്ങളില്‍ മലയാറ്റൂര്‍, മഞ്ഞപ്ര റോഡുകളില്‍ നിന്ന് ക്രമാതീതമായി ടോറസ്, ടിപ്പര്‍ ലോറികള്‍ കാലടിയിലൂടെ കടത്തിവിടുന്നത് തടയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അങ്കമാലി വ്യവസായ മേഖലയിലെ മലിനീകരണം സംബന്ധിച്ച വിഷയങ്ങള്‍ രമ്യമായി പരിഹരിക്കണം. മാര്‍ക്കറ്റിലെ പുറമ്പോക്ക് നിര്‍ണയ നടപടികള്‍ വേഗത്തിലാക്കണം. കറുകുറ്റി, മൂക്കന്നൂര്‍ ജലവിതരണ പദ്ധതി നിര്‍വഹണത്തിലെ തടസങ്ങള്‍ ഒഴിവാക്കണം. കരയാമ്പറമ്പ് ജംഗ്ഷന് അപകട വിമുക്തമാക്കാന്‍ ശാസ്ത്രീയ ട്രാഫിക് പരിഷ്കരണം നടപ്പാക്കണമെന്നും ജോസ് തെറ്റയില്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്. ഗിരിജ വകുപ്പു തല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവലോകനം ചെയ്തു. ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: