വെങ്ങോല: പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തെ തുടര്‍ന്ന് യുഡിഎഫിന്റെ നേതൃത്വത്തിലുള്ള വെങ്ങോല ഗ്രാമപഞ്ചായത്ത് ഭരണം സ്തംഭനത്തില്‍. പലവാര്ഡുകളിലെയും ഗ്രാമസഭകള്‍ ചേര്‍ന്നിട്ട് ആറ് മാസം പിന്നിട്ടു. പുതിയ പദ്ധതികളൊന്നും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല അനുവദിച്ച തുക ചെലവഴിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. എ ഗ്രുപ്പില്‍ നിന്നും ഇടക്കാലംകൊണ്ട് ഐ ഗ്രൂപ്പിലേക്ക് കൂറുമാറിയ എം.എം.അവറാനാണ് പ്രസിഡന്റ് ഗ്രൂപ്പിസത്തെ തുടര്‍ന്ന് അംഗങ്ങള്‍ പലതട്ടിലായതിനാല് ഭരണം നടത്താന്‍ കഴിയാതെ പ്രസിഡന്റ് നോക്കുകുത്തിയായി മാറി.
ഇതിനിടെ പഞ്ചായത്തില്‍ മണ്ണെടുപ്പും, നിലം നികത്തലും വ്യാപകമായി യുഡിഎഫ് ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ വെങ്ങോലയില്‍ മണ്ണെടുപ്പും നിലംനികത്തലും നിരോധിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഫ്ലക്സ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. മണ്ണെടുപ്പ് നിരോധിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ഭരണസമിതിയെ അനുമോദിച്ച് പോസ്റ്റര്‍ പതിച്ചു. എന്നാല്‍ മുമ്പത്തെക്കാളും കൂടുതലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മണ്ണെടുപ്പ് ആരംഭിച്ചു.
ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് വെങ്ങോലയിലാണ്. മുന്നൂറില്പരം പ്ലൈവുഡ് കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അധികവും പാടം നികത്തിയാണ് കമ്പനികള്‍ സ്ഥാപിച്ചിരിക്കുന്നത്. കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനികള്‍ പരിസരവാസികള്‍ക്ക് ഭീഷണിയാവുകയാണ്. ഇതിനെതിരെ ജനം സമരത്തിനൊരുങ്ങുകയാണ്. പ്ലൈവുഡ് കമ്പനിയില്‍ നിന്നും ഉള്ള മാലിനജലം സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളം മലിനമാക്കിയിരിക്കുകയാണ്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് ഉയരുന്ന വിഷപുക സമീപവാസികള്‍ക്ക് വളരെ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നുണ്ട്. ഇതേതുടര്‍ന്ന് പഞ്ചായത്തില്‍ പുതിയതായി പ്ലൈവുഡ് കമ്പനികള്‍ക്ക് അനുമതി നല്‍കേണ്ടെന്ന തിരുമാനം ഉണ്ടായെങ്കിലും നടപ്പിലായില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിലെ 23-ാം വാര്‍ഡ് ചുണ്ടമലതാഴത്ത് പ്ലൈവുഡ് കമ്പനി തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ആറ് മാസം കൂടുമ്പോള്‍ ഗ്രാമസഭചേരണമെന്നാണ് പഞ്ചായത്തീരാജ് ചട്ടം എന്നാല്‍ ഗ്രാമസഭ ചേരാത്തതിനാല്‍ വാര്‍ഡിലെ പലപ്രശ്നങ്ങളും ചര്‍ച്ചചെയ്യാന്‍ കഴിയാതെ വരുന്നു. പഞ്ചായത്ത് ഭരണ സ്തംഭനത്തിനെതിരെ പ്രതിപക്ഷവും ബിജെപിയും സമരത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: