ന്യൂദല്‍ഹി: 2ജി സ്പെക്ട്രം വിതരണത്തില്‍ മന്ത്രി പി.ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്പെക്ട്രം വിതരണത്റ്റില് ഇടപെട്ടത് ടെലികോം മന്ത്രിയായിരുന്ന എ.രാജ മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെയാണ് ചിദംബരത്തെ ന്യായീകരിക്കുന്ന പ്രസ്താവനയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നത്. 2 ജി സ്പെക്ട്രം ലേലം ചെയ്യേണ്ടതില്ലെന്ന് ട്രായ് ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ കൂട്ടായി എടുത്ത തീരുമാനമാണ്. എന്നാല്‍ സ്പെക്ട്രത്തിനുള്ള ഫീസ് പുതുക്കണമെന്നാണ് അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ നിലപാട്. ഈ നിര്‍ദ്ദേശം ടെലികോം മന്ത്രാലയം തള്ളിയെന്ന് പ്രസ്താവനയില്‍ പറയുന്നു.
സ്പെക്ട്രം വിതരണത്തില്‍ എ.രാജ മാത്രമാണ് ഇടപെട്ടതെന്നും പ്രതിപക്ഷം അനാവശ്യ ആരോപണം ഉന്നയിക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തെ പ്രവര്‍ത്തന രഹിതമാക്കുമെന്നും സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു. കോടതി തീരുമാനിക്കേണ്ട കേസില്‍ പൊതുവിചാരണ നടത്തുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
എ.രാജയും പി.ചിദംബരവും സ്പെക്ട്രം സ്പെക്ട്രം വിതരണം ചെയ്യുന്നതിന് മുമ്പ് കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാര്‍ തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: