കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജെ.ബി കോശിയെ മ്ലാമല സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. കോട്ടയത്തുനിന്ന് എത്തിയ അദ്ദേഹത്തെ കുമിളി 66-)ം മൈലിലാണ് തടഞ്ഞത്. പൊതു പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജി പരിഗണിച്ചാണ് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് അണക്കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയത്.
മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷനെ തടഞ്ഞത്. ഇതേത്തുടര്‍ന്ന് അദ്ദേഹം സന്ദര്‍ശനം വേണ്ടെന്നു വച്ചു. സമരക്കാരുടെ ആവശ്യത്തെ മാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. കുമളിയിലെത്തി തേക്കടിയില്‍ നിന്നു ബോട്ടു മാര്‍ഗം മുല്ലപ്പെരിയാറിലേക്കു പോകാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്.
അതിനിടെ മ്ലാമല സമരസമിതി പ്രവര്‍ത്തകര്‍ കൊല്ലം – തേനി ദേശീയപാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡില്‍ കുത്തിയിരുന്ന് ഉപരോധ സമരം നടത്തുന്നത്. വന്‍ പോലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
കുമിളി ചെക്ക് പോസ്റ്റ് ചൊവ്വാഴ്ച ഉപരോധിക്കുമെന്ന് മ്ലാമല സമരസമിതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെക്ക് പോസ്റ്റിന് സമീപത്തേക്ക് പ്രവര്‍ത്തകരെ പോലീസ് കടത്തിവിട്ടില്ല. കുമിളിയിലും കമ്പംമേട്ടിലുമാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: