കൊച്ചി: ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാല്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച ഈദ് ഗാഹുകളില്‍ ആയിരങ്ങള്‍ പെരുന്നാല്‍ നമസ്കാരം നടത്തി.
തിരുവനന്തപുരത്ത് പ്രധാനമായും സെന്‍ട്രല്‍ സ്റ്റേഡിയത്തിലും ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലുമാണ് പെരുന്നാള്‍ നമസ്കാരവും ഈദ്ഗാഹും നടന്നത്. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന നമസ്കാരത്തിന് പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട നേതൃത്വം നല്കി.
അത്മീയതയുടെ പേരില്‍ പുരോഹിതര്‍ സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് പാളയം ഇമാം പറഞ്ഞു. ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് പെരുന്നാള്‍ നമസ്കാരത്തിനെത്തിയിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹിന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറി മൗലവി അബ്ദുള്‍ റഹ്മാന് സലഫി നേതൃത്വം നല്കി.
ഗ്രേറ്റര്‍ കൊച്ചി ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ നടന്ന ഈദ് നമസ്കാരത്തിന് ആയിരങ്ങളെത്തി. കലൂര്‍ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹിന് അബ്ദുള്‍ മജീദ് സലാഹി നേതൃത്വം നല്കി. നടന് മമ്മൂട്ടി ഉള്‍പ്പടെ നിരവധി വിശ്വാസികള്‍ ഈദ്ഗാഹിനെത്തി.
മലപ്പുറം കോട്ടക്കുന്ന് മൈതാനിയില്‍ നടന്ന് ഈദ്ഗാഹിന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറി കുഞ്ഞുമുഹമ്മദ് മദനി നേതൃത്വം നല്കി. കോഴിക്കോട് കടപ്പുറത്ത് നടന്ന ഈദ്ഗാഹിന് ആയിരങ്ങളെത്തി. കാലാവസ്ഥ മോശമായതിനാല്‍ കണ്ണൂരില്‍ ഈദ്ഗാഹുകള്‍ നടന്നില്ല. പള്ളികളിലായിരുന്നു ഈദ് നമസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: