അബുജ (നൈജീരിയ): വടക്കു-കിഴക്കന്‍ നൈജീരിയയിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 150 ലേറെപ്പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക ഭീകരസംഘടനയായ ബോകോ ഹരം ഏറ്റെടുത്തു.
നൈജീരിയയില്‍ ശരി അത്ത് നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഭീകരര്‍ അഴിഞ്ഞാടിയത്. വടക്കന്‍ നഗരമായ ഭമാതുരുവില് ഒരു സര്‍ക്കാര്‍ കെട്ടിടം ഭീകരര്‍ ബോംബിട്ടു തകര്‍ക്കുകയും 65 ഓളം പേരെ വെടിവെച്ചു കൊല്ലുകയും ചെയ്തു. അയല്‍നഗരമായ മൈദൂഗൂരിയില് നടന്ന മറ്റൊരു ചാവേറാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. പള്ളികളിലും മോസ്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമെല്ലാം ബോംബുകളുമായി അഴിഞ്ഞാടിയ ഭീകരര്‍ പോലീസുമായി മണിക്കൂറുകളോളം ഏറ്റുമുട്ടിയെന്ന് ദൃക്സാക്ഷികളും നാട്ടുകാരും അറിയിച്ചു. ദമാതുരുവിലും മൈദുഗുരുവിലുമുണ്ടായ ആക്രമണങ്ങളില്‍ ഏഴു പോലീസുകാരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 67 പേര് മാത്രമാണ് കൊല്ലപ്പെട്ടതെന്ന് റെഡ്ക്രോസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഒരു മോര്‍ച്ചറിയിലും വിവിധ നഗരങ്ങളിലുമായി 150 ലേറെ മൃതദേഹങ്ങള്‍ കണ്ടതായി രക്ഷാദുരിതാശ്വാസ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. മാരകമായ ആക്രമണങ്ങളെ പ്രസിഡന്റ് ഗുഡ്ലക്ക് ജൊനാഥന് അപലപിച്ചു. ഇത്തരം കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പൗരന്മാര്ക്കുനേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്റ് എല്ലാ നടപടികളും സ്വീകരിക്കുന്നതായും വക്താവ് റൂബന്‍ അബാതി പറഞ്ഞു. ബലിപെരുന്നാളിന് തൊട്ടുമുമ്പാണ് ഭീകരര്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. രാജ്യവ്യാപകമായി അതീവജാഗ്രത പാലിക്കാന്‍ പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യസുരക്ഷക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്ന ഇസ്ലാം ഭീകരസംഘടനയാണ് ബോകൊ ഹരം. കഴിഞ്ഞ കാലങ്ങളില്‍ വടക്കന്‍ നൈജീരിയയില്‍ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ള ഭീകരസംഘടനയാണിത്. അബുജയിലെ ഐക്യരാഷ്ട്രസഭാ ഓഫീസില്‍ കഴിഞ്ഞ ഓഗസ്റ്റ് 26 ന് ബോംബാക്രമണം നടത്തിയതും ഇവരായിരുന്നു. ഈ സംഭവത്തില്‍ 23 പേര് കൊല്ലപ്പെടുകയും 70 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യോബ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഭമാതുരുവില് സൈനിക ഓഫീസും ബാരക്കുകളുമായി പ്രവര്‍ത്തിച്ചിരുന്ന മൂന്നുനില കെട്ടിടത്തിന് സമീപം കാര്‍ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു ബാങ്കും മൂന്നോളം പോലീസ് സ്റ്റേഷനുകളും അഞ്ച് പള്ളികളും സ്ഫോടനങ്ങളില്‍ തകര്‍ത്തിട്ടുണ്ട്. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഒരു രാത്രി മുഴുവന്‍ നീണ്ടതായും റിപ്പോര്‍ട്ടുണ്ട്.
സീറ്റിലിരുന്ന് ഡ്രൈവര്‍മാര്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒട്ടേറെ പോലീസ് വാഹനങ്ങള്‍ തെരുവുകളില്‍ കാണപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ഇസ്ലാമിക് കോളേജിന് സമീപവും റോഡരികിലും സ്ഫോടനങ്ങള്‍ ഉണ്ടായതായി പോലീസ് കമ്മീഷണര്‍ സിമിയന്‍ മിഡെന്‍ഡ അറിയിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നതായി ദ് ഡെയ്ലി ട്രസ്റ്റ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ബോകൊ ഹരം വക്താവ് അവകാശപ്പെട്ടു. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഇയാള്‍ അറിയിച്ചു.
തെക്കുഭാഗത്ത് ക്രിസ്ത്യാനികളും വടക്കുഭാഗത്ത് മുസ്ലീങ്ങളും ആധിപത്യം പുലര്‍ത്തുന്ന എണ്ണസമ്പന്ന രാഷ്ട്രമാണ് നൈജീരിയ. കഴിഞ്ഞ ഏപ്രിലില്‍ 800 ഒാളം പേരുടെ മരണത്തിനിടയാക്കിയ മത, രാഷ്ട്രീയ അതിക്രമങ്ങള്‍ക്കിടെയാണ് ക്രിസ്ത്യാനിയായ പ്രസിഡന്റ് ഗുഡ്ലക്ക് ജൊനാഥന് അധികാരമേറ്റത്. ഇളയ സഹോദരന്റെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബായല്സ സംസ്ഥാനത്തേക്ക് നടത്താനിരുന്ന യാത്ര അദ്ദേഹം റദ്ദാക്കിയിട്ടുണ്ട്. ഭീകരാക്രമണമുണ്ടായ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. ഇക്കൊല്ലം മാത്രം ബോകൊ ഹരം നടത്തിയ ഭീകരാക്രമണങ്ങളില്‍ 330 ഓളം പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ ശൈലിയിലുള്ള ജനാധിപത്യ ഭരണം നൈജീരിയയെ തകര്‍ക്കുമെന്നും രാജ്യത്ത് രാഷ്ട്രീയ അഴിമതി വളര്‍ത്തുമെന്നും മുസ്ലീം തീവ്രവാദികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: