തിരുവനന്തപുരം: സംസ്ഥാനം പോലീസ് രാജിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. കോഴിക്കോട് വെടിവയ്പ്പിന് ഉത്തരവാദിയായ അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ് ചെയ്യാതെ പ്രശ്നം നീട്ടിക്കൊണ്ടു പോകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എമാരെ കയ്യേറ്റം ചെയ്യാന്‍ ഭരണപക്ഷം വാച്ച് ആന്റ് വാര്‍ഡിനെ നിയോഗിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. നിയമസഭയ്ക്കു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കാതെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം മുഖ്യമന്ത്രിയുടെ ഓഫീസ് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയായിരുന്നു.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ കളക്ടറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാതെയാണ് ഡി.ജി.പി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. രാധാകൃഷ്ണപിള്ളയെ സഹായിക്കാനായി എന്തും ചെയ്യാന്‍ തയ്യാറായി സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുകയാണ്. സംസ്ഥാനം പോലീസ് രാജിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളതെന്നും കോടിയേരി പറഞ്ഞു.
പുറത്ത് പോലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെയും നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് എം.എല്‍.എമാരെയും കൈകാര്യം ചെയ്യുകയാണ് സര്‍ക്കാരെന്നും കോടിയേരി ആരോപിച്ചു. തിങ്കളാഴ്ചയും വിഷയമുന്നയിച്ച് പ്രതിഷേധം നടത്തുമെന്നും ഇതില്‍ നിന്നും പിന്തിരിയില്ലെന്നും സി.പി.ഐ നേതാവ് സി.ദിവാകരനും പറഞ്ഞു.
സഭയിലെ വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ എം.എല്‍.എമാരായ ടി.വി.രാജേഷ്, കെ.കെ.ലതിക എന്നിവരെ കയ്യേറ്റം ചെയ്തെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം ടി.വി.രാജേഷും ജയിംസ് മാത്യുവും ചേര്‍ന്ന് രജനികുമാരി എന്ന വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്യുകയാണുണ്ടായതെന്ന് ഭരണപക്ഷം ആരോപിച്ചു.
രജനികുമാരി എന്ന വനിതാ ഉദ്യോഗസ്ഥയെ എം.എല്‍.എമാരായ ടി.വി.രാജേഷും ജയിംസ് മാത്യുവും കയ്യേറ്റം ചെയ്തെന്നും അവര്‍ കരഞ്ഞുകൊണ്ട് പിന്മാറുകയായിരുന്നുവെന്നും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്പീക്കര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട മന്ത്രി, സഭയുടെ ചരിത്രത്തില്‍ ഇന്നവരെ ഉണ്ടായിട്ടില്ലാത്ത നീചമായ സംഭവമാണിതെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: