കണ്ണൂര്‍/പാലക്കാട്: കോഴിക്കോട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് നടത്തിയ വെടിവെയ്പില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ച് ഇന്നും അക്രമാസക്തമായി. വിവിധ ജില്ലകളില്‍ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. കണ്ണൂരും പാലക്കാടും തൃശൂരുമാണ് അക്രമമുണ്ടായത്. പൊലീസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരുക്ക്.
കണ്ണൂരില്‍ ഡി.ഐ.ജിയുടെയും എസ്.പിയുടെയും വീടിനു നേരെയും ഐ.ജിയുടെ ക്യാമ്പ് ഓഫീസിനു നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ആര്‍ക്കും പരിക്കില്ല. നഗരസഭയുടെ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തല്ലി തകര്‍ത്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി. ചാനല്‍ കാമറാമാന്മമാര്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ട്രാഫിക് പോലീസ് സ്റ്റേഷനു നേരെയും വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു.
കാള്‍ട്ടക്സ് ജംഗ്ഷനില്‍ നിന്ന് പ്രകടനം നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാമറാമാന്മാര്‍ക്കെതിരെ ആക്രമണമുണ്ടായത്. ഏഷ്യാനെറ്റ്, ഇന്ത്യവിഷന്, റിപ്പോര്‍ട്ടര്‍, എന്നിവയുടെയും ചില പ്രാദേശിക ചാനലുകളുടെയും കാമറാമാന്മാര്ക്ക് നേരെയായിരുന്നു കൈയേറ്റം. റിപ്പോര്‍ട്ടറിന്റെയും ഇന്ത്യവിഷന്റെയും കാമറാമാന്മാരെ ആക്രമിക്കുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച ജീവന് ടി.വിയുടെ കാമറാമാനും മര്‍ദ്ദനമേറ്റു. ഇന്ത്യാവിഷന് കാമറാമാനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ റിപ്പോര്‍ട്ടര്‍ കാമറാമാന് ഷാജുവിനെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങള്‍ തകര്‍ക്കുന്ന ദൃശ്യം പകര്‍ത്തുന്നതിനിടെയായിരുന്നു ആക്രമണം.
പാലക്കാട് കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. കളക്ടറേറ്റിനു നേരെയും പോലീസിന് നേരെയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് എട്ടുതവണ ഗ്രനേഡ് പ്രയോഗിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളെ പിരിച്ചു വിടാനെത്തിയ ജില്ലാപഞ്ചായത്തു പ്രസിഡന്റ് അടക്കമുളള ജനപ്രതിനിധികളുടെ നേരെയും പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതേത്തുടര്‍ന്നു കലക്റ്ററേറ്റിനു മുമ്പില്‍ കുത്തിയിരിപ്പു പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: