തൃശൂര്‍ : കലാമണ്ഡലത്തെ സാംസ്കാരിക ടൂറിസം കേന്ദ്രമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയില്‍ പദ്മബഹുമതി ലഭിച്ചവരെ ആദരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കലാമണ്ഡലം വികസനത്തിന് 12 കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കലാമണ്ഡലത്തിലെ അധ്യാപകര്‍ക്ക് മാനദണ്ഡമനുസരിച്ച് യുജിസി നിരക്കിലുള്ള ശമ്പളം ഇക്കൊല്ലം തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെയെല്ലാം ഒന്നിപ്പിക്കുന്നശക്തിയാണ്സാംസ്കാരിക പാരമ്പര്യം.
ഈപാരമ്പര്യം ഉയര്‍ത്തി പിടിക്കാന്‍ നമ്മുടെ കലകള്‍ക്ക് കഴിയും. അത് ഒരിക്കലും നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി കലാമണ്ഡലത്തിന്റെ വികസനത്തിന് വ്യക്തമായ ലക്ഷ്യത്തോടെയുള്ള ശ്രമം സാംസ്കാരിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട് . ദേശീയ തലത്തില്‍ അംഗീകാരം കിട്ടാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനാകമാനം അഭിമാനകരമായ കലാക്ഷേത്രമായി കലാമണ്ഡലത്തെ മാറ്റുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ് പറഞ്ഞു. കലാമണ്ഡലം നമ്മുടെ അഭിമാനമാണ്. ലക്ഷക്കണക്കിന് കലാസ്നേഹികളുടെ ആഗ്രഹ പൂര്‍ത്തീകരണമാണ് കലാമണ്ഡലം. ഇതിന്റെ വികസനത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുജിസിയുടെ പ്രതിനിധികള്‍ 21, 22 നും ഇവിടെ സന്ദര്‍ശിക്കും. മ്യൂസിയം വിപൂലീകരിക്കാനും മറ്റു വികസന പരിപാടികള്‍ക്കുമായി 12 കോടി രൂപയുടെ സഹായം കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
പദ്മ ബഹുമതിനേടിയ കഥകളി ആചാര്യന് മടവൂര്‍ വാസുദേവന്‍ നായര്‍, നൃത്ത നാട്യ കലാ നിപുണ കലാമണ്ഡലം ക്ഷേമാവതി, മേള വിദ്വാന് പെരുവനം കുട്ടന്മാരാര് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കളരികളുടെ ശിലാസ്ഥാപനകര്‍മ്മം ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
പി.സി. ചാക്കോ എംപി, എം എല്‍എമാരായ കെ. രാധാകൃഷ്ണന്, പി.എ. മാധവന്, സി.പി. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ദാസന്, തൃത്താല പഞ്ചായത്ത് പ്രതിനിധികളായ എം. സുലൈമാന്‍, എ. അന്‍സ, പി. നിര്‍മ്മലാദേവി, വാസന്തി മേനോന്, വൈസ് ചാന്‍സലര്‍ ഡോ. പി.എന്‍ . സുരേഷ് , മടവൂര്‍ വാസുദേവന്‍നായര്‍, കലാമണ്ഡലം ക്ഷേമാവതി, പെരുവനം കുട്ടന്മാരാര്, ഡോ. കെ.കെ. സുന്ദരേശന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: