തിരുവനന്തപുരം: പകര്‍ച്ചപ്പനി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. തോമസ് ഐസക് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എലിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍മൂലം സംസ്ഥാനത്തെ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ മരണനിരക്ക് കൂടുതലാണ് ഇത്തവണയെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നും ഡോക്ടര്‍മാരുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പകര്‍ച്ചപ്പനി ഉണ്ടാകുന്നതില്‍ ആരോഗ്യമന്ത്രിയെ കുറ്റംപറയാനാവില്ലെങ്കിലും ആശുപത്രിയില്‍ എത്തിയ രോഗികള്‍ മരണമടയുന്നതിന് ആരോഗ്യമന്ത്രി മറുപടി പറയണമെന്നും ഐസക് ആവശ്യപ്പെട്ടു.
പകര്‍ച്ചപ്പനിയുടെ വ്യാപനം കുറേയൊക്കെ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാര്‍ ഫലപ്രദമായി പ്രശ്നത്തെ നേരിടുകയാണെന്നും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പനി ബാധിച്ച് സംസ്ഥാനത്ത് ഈവര്‍ഷം 179 പേര് മരിച്ചു. ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ള കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി പകര്‍ച്ചപ്പനിക്ക് ഡോക്ടര്‍മാര്‍ പുറമേയ്ക്ക് കുറിപ്പ് കൊടുത്ത് രോഗികളെകൊണ്ട് മരുന്ന് വാങ്ങിപ്പിച്ചിട്ടുണ്ടെങ്കില് ആ തുക സര്‍ക്കാര്‍ തിരിച്ചുനല്‍കുമെന്ന് അറിയിച്ചു. എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് ആവശ്യമായ മരുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എവിടെയെങ്കിലും മരുന്ന് ഇല്ലെങ്കില്‍ തെറ്റായ വിവരം നല്‍കിയതിന് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കും. ഉടന്‍ മരുന്ന് ലഭ്യമാക്കാന്‍ ലോക്കല്‍ പര്‍ച്ചേസ് നടത്താനും നിര്‍ദ്ദേശം നല്കി.
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിന് ഒരു കുറവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍, മറുപടിയില്‍ തൃപ്തരാകാതെ, കേരളത്തിലെ പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ആരോപിച്ച് നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: